Chathuram

March 12, 2023


 🔻മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ എത്രത്തോളം ഉപകാരപ്പെടുത്താം , അത് ഒരു സിനിമയുടെ വിജയത്തിന് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിന് വ്യക്തമായ ഉദാഹരണം അങ്ങനെയാണ് എനിക്ക് ഈ സിനിമയെ വിശേഷിപ്പിക്കാൻ തോന്നുന്നത് , പേര് പോലെ തന്നെ ഓരോ കരുക്കൾ ശ്രദ്ധയോടെ നീക്കുമ്പോഴും കളത്തിലെ പടയാളികളെ വരിഞ്ഞ് മുറുക്കുന്ന ചതുരംഗക്കളി , സിദ്ദാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 2022 ൽ തീയറ്ററുകളിലൂടെ പുറത്തിറങ്ങിയ സിനിമ ഒരു പക്ഷെ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന OTT റീലീസ്, ഒരു സംവിധായകൻ എന്ന നിലയിൽ തൻ്റെ കഴിവ് എല്ലാ അർത്ഥത്തിലും ഉപയോഗിക്കുന്നതിൽ സിദ്ധാർത്ഥ് ഭരതൻ വിജയിച്ചിട്ടുണ്ട് ,

🔻പണം കൊണ്ട് എന്തും നേടിയെടുക്കാം  എല്ലാം തൻ്റെ കാൽകീഴിലാണ് തനിക്ക് എതിരെ നിൽക്കുന്നവരെയെല്ലാം അടിച്ചമർത്താൻ മടിയില്ലാത്ത അച്ചായൻ്റെ ( അലൻസിയറിൻ്റെ കഥാപാത്രം)  രണ്ടാം ഭാര്യയായി അതീവ സുന്ദരിയായ സെൽന ( സ്വാസിക) എത്തുന്നിടത്താണ് സിദ്ധാർത്ഥ് ഭരതൻ കഥ തുടങ്ങുന്നത് , ഇച്ചായൻ്റെ വാക്കുകളിൽ പറഞാൽ തനിക്ക് എന്തും ചെയ്യാനായി പണം കൊടുത്ത് വാങ്ങിയതാണ് സെൽനയെ ,  സ്നേഹവും അതിനേക്കാളേറെ വെറുപ്പുമുള്ള ഒരു ചതുരത്തിലേക്കാണ് സെൽനയെ പറിച്ച് നടുന്നത് 

🔻എല്ലാ സൗകര്യങ്ങളുമുള്ള , കൊട്ടാര സാമ്യമായ വീട്, അളവില്ലാത്ത സ്വത്തുക്കൾ പക്ഷേ സെൽന എന്ത് ചെയ്യണമെന്ന് ഇച്ചായൻ തീരുമാനിക്കും അയൽവാസികളോടോ നാട്ടുകാരോടോ ഒന്ന് മിണ്ടാനോ എന്തിന് വീടിൻ്റെ ബാൽക്കണിയിൽ കയറാനോ പോലും അയാൾ സെൽനയെ അനുവദിക്കുകയില്ല , ചെസ്സിൽ ഒരു ഗെയിമിൽ തോൾപ്പിച്ചാൽ പോലും അസഭ്യ വർഷവും ശാരീരിക പീഡനവും അങ്ങനെ കടുപ്പം നിറഞ്ഞ ആ ദാമ്പത്യം ആഴ്ചകൾ കടന്നു മുന്നോട്ട് പോവുമ്പോൾ ഒരു അപകടം സംഭവിക്കുന്നു തുടർന്ന് എല്ലാം തൻ്റെ കാൽക്കീഴിലാണ് എന്ന് അഹങ്കരിച്ചു ജീവിച്ച ആ പ്രമാണി കിടപ്പിലാവുന്നു തുടർന്ന് അയാളെ പരിചരിക്കാനയി ബൽതാസർ ( റോഷൻ മാത്യൂസ്) എന്ന ഹോം നഴ്സ് എത്തുന്നു തുടർന്ന് സംഭവിക്കുന്ന സങ്കീർണ്ണവും അതിലേറെയുള്ള വൈകാരികമായ സംഭവങ്ങളുമാണ് സിനിമയുടെ സാരാംശം

🔻ജയിക്കുവാൻ വേണ്ടി 3 പേർ നടത്തുന്ന കഠിന ശ്രമമാണ് ചിത്രം , കഥയിലെ ഓരോ കഥാപാത്രങ്ങൾക്കും  പല തരത്തിലുള്ള ശെയ്ഡുകളുണ്ട് , അതിൽ നല്ല വശങ്ങളുണ്ട് , മോശം വശമുണ്ട് ഇത് രണ്ടുമില്ലാത്ത നിസ്സഹായാവസ്ഥയും കാണുവാൻ സാധിക്കും ഒരു ക്രൂരനായ വ്യക്തിയുടെ ഭാര്യയായി  പ്രേക്ഷകരുടെ അലിവു പിടിച്ച് പറ്റുകയും പിന്നീട് തൻ്റെ കാമുകനെ പ്രണയത്തിലൂടെ കീഴ്‌പ്പെടുത്തുന്ന കാമുകിയായി മാറുകയും കഥാന്ത്യത്തിൽ തൻ്റെ നേട്ടങ്ങൾക്ക് വേണ്ടി ഏതറ്റം വരെ സഞ്ചരിക്കുന്ന ഒരു കഥാപാത്രമായി സെൽനയിലൂടെ സ്വാസിക സിനിമയിൽ ജീവിക്കുന്നു.


🔻തുടക്കത്തിൽ ക്രൂരനായും പിന്നീട് തൻ്റെ അമ്പരപ്പിക്കുന്ന ഭാവാഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം നേടിയെടുക്കുന്ന എൽദോച്ചായൻ എന്ന കഥാപാത്രം അലൻസിയർ മികച്ച രീതിയിൽ തന്നെ സിനിമയിൽ ചെയ്ത് വെച്ചിട്ടുണ്ട് , അതിൽ അദ്ദേഹം ഒരു വലിയ കയ്യടി തന്നെ അർഹിക്കുന്നു ഇതിന് മുമ്പ് "അപ്പൻ " എന്ന സിനിമയിലും അലൻസിയറുടെ ഇതേ തരത്തിലുള്ള മറ്റൊരു അൽഭുത പ്രകടനം കണ്ട് ഞെട്ടിയവർ ആണ് മലയാളി പ്രേക്ഷകർ 

 


🔻ജീവിതത്തിൽ ഒരുപാട് അധികം ലക്ഷ്യങ്ങളുള്ള ചെറുപ്പകാരനാണ് ബെൽതാസർ , ഒരു യുവാവ് എന്ന നിലയിൽ എല്ലാ ചാപല്യങ്ങളും അയാൾക്കുണ്ട് , എല്ലാ അർത്ഥത്തിലും തൻ്റെ സ്വന്തം കാര്യത്തിൽ സ്വാർഥൻ ആണെങ്കിലും തൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെ പോവാൻ അയാൾക്കാവില്ല , ഒരു ലോല ഹൃദയത്തിനുടമയാണയാൾ ഇതിനും മുൻപും ഇതേ പാറ്റേണിലുള്ള കഥാപാത്രങ്ങൾ ചെയ്ത് സുപരിചിതനായ റോഷൻ മാത്യൂസിൻ്റെ കയ്യിലായത് കൊണ്ട് തന്നെ ബെൽതാസർ കഥയിലുടനീളം മുന്നിട്ട് തന്നെ നിന്നു 


🔻സഹ കഥാപാത്രങ്ങളെ വലിയ രീതിയിൽ സിനിമ ഫോക്കസ് ചെയ്യുന്നില്ല എങ്കിൽ കൂടെയും വളരെ കുറച്ച് രംഗങ്ങളിൽ മാത്രം വന്ന് ജാഫർ ഇടുക്കി തൻ്റെ സാനിദ്ധ്യം അറിയിച്ചിട്ടുണ്ട് , പ്രേക്ഷകരിൽ നർമ്മം ഉണർത്തുവാൻ സാധിക്കുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു അത് ,ശാന്തി ബാലകൃഷ്ണൻ, പെങ്ങള്‍ തങ്കം, നിഷാദ് സാഗർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 

🔻എല്ലാ മനുഷ്യരും ഓരോ ചതുരങ്ങളിലാണ് എന്നാണ് സിനിമ പറയാൻ ഉദ്ദേശിക്കുന്നത് , സദാചാരത്തിൻ്റെ , വീടിൻ്റെ , പണത്തിൻ്റെ, ഇങ്ങനെ പോവുന്നു മനുഷ്യനെ നിയന്ത്രിക്കുന്ന ചതുരങ്ങൾ, കഥാപാത്രങ്ങളെ വികസിപ്പിക്കുന്നതിനും അതിലൂടെ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട് , മികച്ച് നിൽക്കുന്ന പശ്ചാത്തല സംഗീതം മിക്ക ഇടങ്ങളിലും പ്രേക്ഷകന് ആസ്വാദനത്തിൻ്റെ മറ്റൊരു അനുഭവം പകരുന്നുണ്ട് ,  

🔻 സാധാരണ സിനിമകൾക്ക് കൊടുക്കുന്ന ഒരു ending ചിത്രത്തിൽ കാണുവാൻ സാധിക്കുകയില്ല എന്നുള്ളത് പുതുമയുളവാക്കുന്നു , പുതുമയാർന്ന ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാം വ്യത്യസ്തമായ ഒരനുഭവം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത് ചിത്രം ഇപ്പോൾ " Saina Play " എന്ന OTT പ്ലാറ്റ്ഫോമിൽ ലഭ്യമാണ്



My Rating : ★★★☆☆ 1/2


Duration : 2hr 27m


OTT Platform : Saina Play 


You Might Also Like

0 Comments