Kannur Squad
October 07, 2023🔻നായക അധിനിവേശം നിറഞ്ഞ ക്ലീഷെ പോലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കാക്കിക്കുള്ളിലെ മനുഷ്യ ജീവിതങ്ങളുടെ പച്ചയായ ആവിഷ്ക്കാരം കാണിച്ചു കൊണ്ട് ഒരു സിനിമ കൂടി അങ്ങനെ വിശേഷിപ്പിക്കാം ഈ സിനിമയെ , റോബി വർഗ്ഗീസ് രാജ് സംവിധാനം ചെയ്തു ഒരു മമ്മൂട്ടി ചിത്രം തീയേറ്ററുകളിൽ എത്തുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള പ്രതീക്ഷകളും ചിത്രത്തിനുമേൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ചിത്രത്തിൻ്റെ വിജയവും , നിയമപാലകരുടെ ജീവിതം യഥാർത്ഥ രീതിയിൽ കൊത്തിവെച്ച തോണ്ടി മുതലും ദൃക്സാക്ഷിയും , കുറ്റവും ശിക്ഷയും, ഉണ്ട പോലുള്ള ചുരുക്കം മികച്ച സിനിമകളുടെ കൂട്ടത്തിലേക്ക് "കണ്ണൂർ സ്ക്വാഡും" ചേർക്കപ്പെട്ടിരിക്കുകയാണ് .
🔻കണ്ണൂർ SP കൃഷ്ണലാൽ ഐപിഎസ് ൻ്റെ കീഴിലുള്ള മിടുക്കരായ നാൽവർ സങ്കം , എത്ര സങ്കീർണ്ണമായ കേസുകളും തങ്ങളുടെ ബുദ്ധി കൂർമ്മത കൊണ്ടും പരിചയ സമ്പത്ത് കൊണ്ടും എളുപ്പത്തിൽ തെളിയിക്കുന്ന മിടുക്കരാണ് എ എസ് ഐ ജോർജ് മാർട്ടിൻ്റെ നേതൃത്വത്തിലുള്ള കണ്ണൂർ സ്ക്വാഡ് , അങ്ങനെ ഇരിക്കെയാണ് സാമ്പത്തിക പ്രതിസന്ധികൾ വരിഞ്ഞു മുറുക്കുമ്പോൾ നിവൃത്തികേട് കൊണ്ട് കൂട്ടത്തിൽ ഒരാൾ കൈക്കൂലി വാങ്ങുകയും ആ ഒരു ടീം മുഴുവൻ ചീത്ത പേര് കേൾക്കേണ്ടി വരുകയും താൽകാലികമായി സ്ക്വാഡ് പിരിച്ചു വിടുകയും ചെയ്യുന്നു, അങ്ങനെ നാലുപേരെയും ജീവിതം വഴിയറിയാതെ മുന്നോട്ട് പോകുമ്പോഴാണ് കാസർഗോഡ് നാടിനെ ഒന്നടങ്കം നടുക്കിയ ഒരു കൊലപാതകം നടക്കുന്നത് വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും അതേപോലെ തന്നെ ഒരു രാഷ്ട്രീയ സമ്മർദ്ധമുള്ള ഒരു കേസ് ആയി അത് മാറുകയും ചെയ്യുന്നു അതിനാൽ തന്നെ എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാൻ കേസിൻ്റെ അന്വേഷണ ചുമതലയുള്ള "മനൂ നീതി ചോളൻ" എന്ന പോലീസ് മേധാവി നിർബന്ധിതൻ ആവുന്നു , അങ്ങനെ വീണ്ടും ഒരിക്കൽ കൂടി സമർത്ഥരായ കണ്ണൂർ സ്ക്വാഡ് ഒന്നിക്കുന്നു പിന്നീടുള്ള കേസിൻറ്റെ അന്വേഷണവും കണ്ണൂർ സ്ക്വാഡിൻ്റെ യാത്രകളുമൊക്കെയാണ് കഥയുടെ സാരാംശം
🔻കണ്ണൂർ സ്ക്വാഡിൻ്റെ തലവനായ എ എസ് ഐ ജോർജ് മാർട്ടിനായി മലയാള സിനിമയുടെ പട തലവൻ മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത് , എത്രത്തോളം മികച്ച പ്രകടനമായിരുന്നു അതെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര പ്രകടനം തന്നെയായിരുന്നു അത് , ജോർജ് മാർട്ടിൻ്റെ അനുയായികൾ ആയി റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് കണ്ണൂർ സ്ക്വാഡിലെ മറ്റു അംഗങ്ങൾ മൂവരും അവരുടെ റോളുകൾ മികച്ച പ്രകടനങ്ങളിലൂടെ മികവുറ്റതാക്കി , ഇവരെ കൂടാതെ കിഷോർ കുമാർ , വിജയ രാഘവൻ , മനോജ് കെ യു , അർജുൻ രാധാകൃഷ്ണൻ , ദീപക് പരമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ , ശ്രീകുമാർ തുടങ്ങിയ ഒരു വൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്
🔻ഒരേ സമയം ക്രൈം ത്രില്ലറും ഒപ്പം മികവുറ്റ ഒരു റോഡ് മൂവിയും കൂടെയാണ് ചിത്രം , പ്രതികളെ പിടികൂടാൻ അലയുന്ന പോലീസുകാരുടെ യാത്രയും അതിൻ്റെ പിടിമുറുക്കങ്ങളുടെ ആഴവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതത്തിന് വലിയൊരു പങ്ക് തന്നെയുണ്ട് , തൻ്റെ മികവുറ്റതും വ്യത്യസ്തവുമായ സംഗീത ശൈലി കൊണ്ട് സിനിമയെ വേറെ ഒരു തലത്തിലേക്ക് എത്തിച്ചത് മലയാളത്തിലെ മികവുറ്റ സംഗീത സംവിധായകന്മാരിലൊരാളായ സുഷിൻ ശ്യാമാണ് , ചിത്രത്തിനെ വേറിട്ടൊരു ദൃശ്യാനുഭവമാക്കി മാറ്റുവാൻ സഹായിച്ച മറ്റൊരു ഘടകം സിനിമയുടെ സിനിമാട്ടോഗ്രഫിയാണ് മുഹമ്മദ് റാഫിലിൻ്റെ കയ്യിൽ അത് ഭദ്രമായിരുന്നു..മുഴുവനായി പറയുമ്പോൾ റിയലിസ്റ്റിക് അതോടൊപ്പം തന്നെ സിനിമാറ്റിക്കായും കഥ പറഞ്ഞു പോവുന്ന മികച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ , കണ്ണടച്ച് ടിക്കറ്റ് എടുക്കാം നിരാശരാവേണ്ടി വരില്ല എന്നുള്ളത് തീർച്ചയാണ്
Genre : Crime investigation, Thriller , Adventure
Duration : 2hr 40m
My Rating : ★★★☆☆1/2
0 Comments