2018- Everyone Is A Hero

May 12, 2023

 

2018- Everyone Is A Hero (2023) | Review

🔻"2018 " ഓരോ മലയാളി മനസ്സുകളും മറക്കുവാൻ ആഗ്രഹിക്കുന്ന ഒരു ദുരന്തത്തിൻ്റെ ഓർമ്മ , സ്വതാൽപര്യങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരുന്ന ഒരു ജനത റിയൽ ലൈഫ് ഹീറോകളായി മാറിയ കഥ , സമ്പന്നൻ എന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാവരും ഒരു പായയിൽ ഉറങ്ങി ഒരു പാത്രത്തിലുണ്ട് ഒരുമിച്ച് കൈകോർത്ത് സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച, പ്രാർത്ഥിച്ച നന്മയുടെ നാളുകൾ , മത്സ്യബന്ധനത്തിന് കടലിൽ പോവുന്ന ഒരു കൂട്ടം കേരള ജനതയുടെ കാവൽ മാലാഖമാരായ ചരിത്രം, പറയുവാനേറയാണ് 2018 ലേ മഹാപ്രളയത്തെ പറ്റി , ലോക ജനത എന്നും ഓർക്കണം എന്ന ഉദ്ദേശത്തിൽ മാനവികതയുടെ അടയാളമായി ഈ കഥയെ" ജൂഡ് ആന്തണി ജോസഫ് " എന്ന സംവിധായകൻ ദൃഷ്യവൽക്കരിച്ചപ്പോൾ പിറന്നത് മലയാള സിനിമ കണ്ട ലോക സിനിമകളോട് ചേർത്ത് വെക്കാൻ തക്ക ഗുണമേന്മയുള്ള എക്കാലത്തെയും മികച്ച സർവൈവൽ ചിത്രങ്ങളിലൊന്നാണ് , സിനിമ കണ്ട് കഴിഞ്ഞപ്പോൾ പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല കാരണം ഈ സിനിമയുടെ കഥ രചിച്ചത് നമ്മൾ ഓരോരുത്തരും ചേർന്നാണ് ഇത് നമ്മുടെ കഥയാണ് നമ്മൾ അതിജീവിച്ച ഒരു മഹാ വിപത്തിൻ്റെ ഓർമ്മപ്പെടുത്തൽ .



🔻പേടി കാരണം ഇന്ത്യൻ ആർമിയിൽ നിന്നും ഓടി രക്ഷപ്പെട്ടു വന്ന് അന്ധനായ ദാസേട്ടൻ്റെ കടയിൽ സഹായിയായി ഒരു നല്ല ജോലിക്ക് വേണ്ടി ദുബായിലേക്ക് പോവണം എന്ന ആഗ്രഹത്തിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അനൂപ് , അച്ഛനും സഹോദരനും മത്സ്യത്തൊഴിലാളികളാണ് എങ്കിലും നിക്സണ് സ്വന്തം കുല തൊഴിലിനോട് പുശ്ചമാണ് ഒരു മികച്ച മോഡലായി തീരണം എന്ന ആഗ്രഹത്തിൽ ജീവിക്കുന്ന നിക്സൺ തൻ്റെ ആഗ്രഹപ്രാപ്തിക്ക് വേണ്ടി പല വഴികളും നോക്കുന്നു, ഓഫീസിലെ തിരക്കുകൾ കാരണം പലപ്പോഴും ഷാജിക്ക് തൻ്റെ കുടുംബത്തോടുള്ള കടമ നിവ്വഹിക്കാനാവാതെ വരുന്നു , വിദേശത്ത് ജോലി ചെയ്യുന്ന രമേശാവട്ടെ ഭാര്യയുമായുള്ള കുടുംബ പ്രശ്നം പരിഹരിക്കുന്നതിനുള്ള തിരക്കിലാണ് ഇങ്ങനെ സ്വന്തം കാര്യങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരു കൂട്ടം ആളുകളിലേക്കാണ് തോരാതെ പെയ്യുന്ന മഴയോടൊപ്പം അണക്കെട്ട് തുറന്ന് വിട്ട വെള്ളവും ഒഴുകിയെത്തുന്നത് , ഇങ്ങനെ ഒഴുകിയെത്തുന്ന വെള്ളം ഒരു രാത്രികൊണ്ട് ഒരു ജനതയുടെ സ്വപ്നങ്ങളും ഒത്തിരിപ്പേരുടെ ജീവനും അപഹരിക്കുകയാണ് 


🔻പട്ടാളത്തിൽ നിന്ന് ജീവ ഭയം മൂലം ഓടി രക്ഷപ്പെട്ട അനൂപ് എന്ന ചെറുപ്പക്കാരൻ തൻ്റെ ചങ്ങാടവുമായി ഒരു നാടിൻ്റെ രക്ഷക്കനായി മാറുന്നു , തൻ്റെ നാടിനോടുള്ള കർത്തവ്യത്തിനിടയിൽ ഷാജിക്ക് അപ്പോഴും തൻ്റെ കുടുംബത്തെ ശ്രദ്ധിക്കാൻ കഴിയാതെയാവുന്നു , നാശ നാശ നഷ്ട്ടങ്ങൾ വിതച്ച് ഇരമ്പി വരുന്ന വെള്ളത്തിന് മുമ്പിൽ ഭരണകൂടവും സാങ്കേധിക വിദ്യയും വിറങ്ങലിച്ച് നിൽക്കുമ്പോൾ കടലിലെ ആർത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ച് മത്സ്യ ബന്ധനം നടത്തുന്ന കടലിൻ്റെ മക്കൾ ഒരു നാടിൻ്റെ ഒരു ജനതയുടെ സംരക്ഷകരായിമാറുന്ന രോമാഞ്ചം നൽകുന്ന കാഴ്ച പ്രേക്ഷകർക്ക് വളരെ മികച്ചൊരു അനുഭവം നൽകുന്നു , ദുരിതാശ്വാസ ക്യാമ്പുകളെ പുശ്ചത്തോടെ കാണുന്നവരെ പോലും സഹായത്തിൻ്റെ കരങ്ങൾക്കായി കാത്തിരിപ്പിച്ച പ്രകൃതിയുടെ വിളയാട്ടം മനുഷ്യൻ്റെ നിസ്സഹായത മനസ്സിലാക്കാൻ ഇത്തരം സീനുകൾക്ക് കഴിഞ്ഞു എന്നുള്ളത് പ്രശംസനീയമാണ്

🔻സിനിമയിൽ എടുത്ത് പറയേണ്ടത് സിനിമയുടെ കാസ്റ്റിംഗ് തന്നെയാണ് ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളായി ജീവിക്കുന്ന തരത്തിലുള്ള ഒരു ഫീൽ പ്രേക്ഷകന് ലഭിക്കും അത്ര മനോഹരമാണ് സിനിമയുടെ കാസ്റ്റിംഗ് , ഒരു നാടിൻ്റെ രക്ഷകനായി എക്സ് മിലിറ്ററി ഓഫീസറായി അനൂപ് എന്ന കഥാപാത്രത്തിലൂടെ ടോവിനോ തോമസ് പ്രേക്ഷക പ്രശംസ നേടി പറ്റുമ്പോൾ , ഭിന്ന ശേഷിക്കാരനായ കുട്ടിയുടെ പിതാവ് സുധീഷ് പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നൂ , കുഞ്ചാക്കോ ബോബൻ്റെ ഷാജി , നരേൻ്റെ വിൻസ്റൻ, ആസിഫലിയുടെ നിക്സൺ , ലാലിൻ്റെ മാത്തച്ചൻ , ഇന്ദ്രൻസിൻ്റെ ദാസേട്ടൻ , അപർണ്ണ ബാല മുരളിയുടെ ജേർണലിസ്റ്റ് നൂറ എന്നീ കഥാപാത്രങ്ങൾ പ്രളയം നേരിട്ട മലയാള ജനതയുടെ നേർ പതിപ്പായി സിനിമയിൽ അരങ്ങ് തകർക്കുന്നു , ഇവരെ കൂടാതെ തൻവി റാം, ശിവദ, സിദ്ധിഖ്, ജയകൃഷ്ണൻ, അജു വർഗീസ്, ജനാർദ്ദനൻ, ഗൗതമി നായർ, ശോഭ മോഹൻ, ജോയ് മാത്യു, ജാഫർ ഇടുക്കി, തുടങ്ങിയ വലിയൊരു താരനിരയോടൊപ്പം കലയരശൻ എന്ന തമിഴ് താരവും, രണ്ടു വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് 

🔻കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു സ്പേസ് കൊടുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ട് ഓരോ കഥാപാത്രങ്ങളുടെയും കഥ ഓരോ ചെറിയ എപിസോടുകൾ പോലെ അനുഭവപ്പെട്ടു അവയുടെ കൃത്യമായ പ്ലേസിങ്ങും സിനിമയെ ആസ്വാദനത്തിൻ്റെ വേറൊരു തലത്തിൽ എത്തിക്കുന്നു, ഒരു webseries ആയിട്ട് ഇറക്കുവാനത്ര depth ഉണ്ടായിരുന്ന കഥയെ ഒരു സിനിമയുടെ സമയ പരിധിയിൽ ഒതുക്കിയിട്ട് പോലും സിനിമയ്ക്കോ പ്രേക്ഷകർക്കോ എവിടെയും ഒരു മടുപ്പും ഉളവാക്കിയില്ല എന്നുള്ളത് എടുത്ത് പറയേണ്ടത് തന്നെയാണ്


🔻സിനിമയിലെ ഗ്രാഫിക്സ് രംഗങ്ങളുടെ ക്വാളിറ്റി അമ്പരപ്പിക്കുന്നതാണ് മലയാള സിനിമ ഇതുവരെ കണ്ടതിൽ മികച്ച ഗ്രാഫിക്സ് വർക്കുകളിൽ ഒന്ന് എന്ന് തന്നെ വിശേഷിപ്പിക്കാം , ലോക നിലവാരത്തിലേക്ക് സിനിമയെ ചേർക്കാൻ ഗ്രാഫിക്സ് വഹിച്ച പങ്ക് വലുതാണ് ഗ്രാഫിക്സ് ടീം വലിയൊരു പ്രശംസ അർഹിക്കുന്നു , നോബിൻ പോൾ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും പ്രത്യേകിച്ച് പശ്ചാത്തല സംഗീതങളും സിനിമയുടെ മാറ്റ് കൂട്ടുന്നു ക്ലൈമാക്സ് രംഗങ്ങളും മഴയുടെ ഭീതിയുമോക്കെ ആസ്വാദകരിലേക്ക് പൂർണ്ണമായി എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് ഇത്തരത്തിലുള്ള ഒരു വലിയ crew വിൻ്റെ മികവുറ്റൊരു സംഭാവനയാണ് ഈ ചിത്രം 

🔻മുഴുവനായി പറഞ്ഞാൽ ഓരോ മലയാളിയും ഒരുമയോടെ നിന്ന് അതിജീവിച്ച ഒരു ദുരന്തത്തിൻ്റെ മികച്ച ദൃഷ്യാവിഷ്‌ക്കാരം , തല ഉയർത്തി തന്നെ ഓരോ മലയാളിക്കും പറയാം അതെ ഇതാണ് " The Real Kerala Stroy" എന്ന് , ജൂഡ് ആന്തണി ജോസഫിൻ്റെ കരിയർ ബെസ്റ്റ് സിനിമ , ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് വളരെ അധികം relate ചെയ്യുവാൻ സാധിച്ചു മസ്റ്റ് വാച്ച് ആണ് തീയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കുക .


Duration : 2h 15m

Genre: Drama , Mystery & Thriller 

My Rating : ★★★★☆ 1/2



You Might Also Like

2 Comments